Banner Ads

ഇറാനിയൻ കുപ്പിവെള്ളത്തിൽ വിഷാംശം; ഒമാനിൽ ഒരു പ്രവാസിയടക്കം രണ്ട് പേർ മരിച്ചു

മസ്‌കറ്റ് : ഇറാനിൽ നിന്നുള്ള കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് മരണം. ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചതെന്ന് റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. ഇറാനിൽ നിന്നുള്ള ‘യുറേനസ് സ്റ്റാർ’ എന്ന കമ്പനിയുടെ കുപ്പിവെള്ളം കുടിച്ചതാണ് വിഷബാധയ്ക്ക് കാരണമായത്.

അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംശയം തോന്നിയ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വെള്ളം മലിനമാണെന്നും വിഷാംശം കലർന്നിരുന്നുവെന്നും സ്ഥിരീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി, യുറേനസ് സ്റ്റാർ ബ്രാൻഡിന്റെ കുപ്പിവെള്ളം പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിച്ചു.

ഇറാനിൽ നിന്നുള്ള എല്ലാത്തരം കുപ്പിവെള്ളങ്ങളുടെയും ഇറക്കുമതി ഒമാൻ സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. റോയൽ ഒമാൻ പോലീസ് പൗരന്മാരോടും താമസക്കാരോടും ‘യുറേനസ് സ്റ്റാർ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും, വിഷാംശം സംശയിക്കുന്ന കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.