
കൊച്ചി : കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കുന്നതിൽ ആശങ്കയറിയിച്ച് ശശി തരൂർ എംപി. വിഷയത്തിൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് അദ്ദേഹം എയർ ഇന്ത്യ എംഡി കാമ്പൽ വിൽസണ് കത്തയച്ചു.
ഒക്ടോബർ മുതൽ അടുത്ത വർഷം മാർച്ച് വരെയുള്ള കാലയളവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിച്ചുരുക്കിയത്. കേരളത്തിലെ വ്യാപാരത്തെയും ടൂറിസത്തെയും സർവീസ് റദ്ദാക്കൽ സാരമായി ബാധിക്കുമെന്നും ശശി തരൂർ പറഞ്ഞു.
ഡൽഹി-തിരുവനന്തപുരം റൂട്ടിലെ ബിസിനസ് ക്ലാസ് സർവീസുകൾ ഇല്ലാതാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെയും ശശി തരൂർ രൂക്ഷമായി വിമർശിച്ചു. ഇത് സംസ്ഥാനത്തോടുള്ള കടുത്ത അവഗണന ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എയർ ഇന്ത്യ കേരളത്തോടുള്ള അവഗണന തുടർന്നാൽ, യാത്രക്കാർ സ്വാഭാവികമായും ഇൻഡിഗോയും ആകാശ എയറും പോലുള്ള മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കും.
എയർ ഇന്ത്യയുടെ സർവീസ് തനിക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ വസ്തുതകൾ മാറുമ്പോൾ അഭിപ്രായവും മാറും. ബന്ധപ്പെട്ട എല്ലാവരും വിഷയത്തിൽ ഉചിതമായ ശ്രദ്ധ പതിപ്പിക്കുമെന്ന് കരുതുന്നുവെന്നും ശശി തരൂർ സമൂഹ മാധ്യമമായ എക്സിൽ എഴുതി.