
തിരുവനന്തപുരം : ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് പ്രതിമ തോട്ടിൽ നിന്ന് പുറത്തെടുത്തത്. ആരാണ് പ്രതിമ ഇവിടെ ഉപേക്ഷിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിൽ സ്ഥാപിച്ചിരുന്ന ഗുരുദേവന്റെ പഴയ പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. ഇവിടെ പഴയ പ്രതിമ മാറ്റി പുതിയ പഞ്ചലോഹ പ്രതിമ സ്ഥാപിച്ചിരുന്നു. മാറ്റിയ പഴയ പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി എസ്എൻഡിപി യൂണിയൻ രംഗത്തെത്തി.
പ്രതിമ തോട്ടിൽ ഉപേക്ഷിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുമെന്ന് തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ അറിയിച്ചു.