കൊച്ചി : ഗുരുവായൂരമ്പല നടയിൽ സിനിമയുടെ വിജയാഘോഷ വേളയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധായകൻ വിഷ്ണു മോഹനുമായി ഒന്നിക്കുന്ന കാര്യം സ്ഥിരീകരിച്ചു. വിഷ്ണുവിന്റെ ആദ്യചിത്രമായ മേപ്പടിയാൻ ദേശീയ അവാർഡ് നേടിയിരുന്നു. കഥ ഇന്നുവരെ എന്ന സിനിമയുടെ റിലീസിന് ശേഷമുള്ള തന്റെ അടുത്ത ചിത്രമായിരിക്കും ഇതെന്നാണ് വിഷ്ണു പറഞ്ഞത്. വിദേശ ഷെഡ്യൂൾ ഉൾപ്പെടെ കേരളത്തിന് പുറത്ത് ചിത്രീകരിക്കുന്ന ഒരു വലിയ ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മറ്റൊരു ബാനറും നിർമ്മാണത്തിനായി സഹകരിക്കും. അടുത്ത വർഷത്തിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിഷ്ണു പറയുന്നത്.
ബിജു മേനോൻ, മേതിൽ ദേവിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കഥ ഇന്നുവരെ സെപ്റ്റംബർ 20 നാണ് റിലീസ് ചെയ്യുന്നത്. ഒരു റിലേഷൻഷിപ് ഡ്രാമയാണെന്ന് പറയപ്പെടുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, ഹക്കിം ഷാജഹാൻ, അനു മോഹൻ, സിദ്ധിഖ് എന്നിവരും അഭിനയിക്കുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എൽ 2: എമ്പുരാൻ ഉൾപ്പെടെ നിരവധി പ്രോജെക്റ്റുകൾ അണിനിരക്കുന്നുണ്ട്.
അടുത്തിടെ ദേശീയ അവാർഡ് നേടിയ പൃഥിയുടെ അടുത്ത ചിത്രങ്ങൾ ജയൻ നമ്പ്യാരുടെ ബുദ്ധ, വൈശാഖിന്റെ ഖലീഫ, വിപിൻ ദാസിന്റെ സന്തോഷ് ട്രോഫി, നിസ്സാം ബഷീറിന്റെ ആരും, ഖാലിദ് റഹ്മാനോടൊപ്പവുമുള്ള സിനിമയുമാണ് വരാനിരിക്കുന്നത്. ബഡെ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിലൂടെ 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് പൃഥ്വിരാജ് തിരിച്ചു വരുന്നു. കജോളിനോപ്പം സർസമീനും അണിനിരക്കുന്നു ഈ ചിത്രത്തിൽ. പ്രഭാസ് പ്രശാന്ത് നീൽ കൂട്ടുകെട്ടിലെ സലാറിന്റെ രണ്ടാം ഭാഗത്തിലെ വരദ രാജ മന്നാറായി അദ്ദേഹം തിരിച്ചെത്തും.