Banner Ads

പി.എസ്.സി. പരീക്ഷാ കേന്ദ്രത്തിൽ ഹൈടെക് കോപ്പിയടി; മൊബൈൽ വഴി ഉത്തരം പറഞ്ഞ് സഹായി,

കണ്ണൂർ‍: കണ്ണൂരിൽ പി.എസ്.സി. പരീക്ഷയ്ക്കിടെ നടന്ന ഹൈടെക് കോപ്പിയടി സംഭവത്തിൽ ഉദ്യോഗാർത്ഥിയെ സഹായിച്ചയാൾ അറസ്റ്റിൽ. പെരളശ്ശേരി സ്വദേശി എ. സബീലാണ് പിടിയിലായത്. ഇയാൾ മുഹമ്മദ് സഹദ് എന്ന ഉദ്യോഗാർത്ഥിക്ക് ഫോണിലൂടെ ഉത്തരങ്ങൾ പറഞ്ഞ് കൊടുത്ത പ്രധാന സഹായിയാണ്.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയാണ് കോപ്പിയടി ശ്രമം നടന്നത്. ഉദ്യോഗാർത്ഥിയായ മുഹമ്മദ് സഹദിനെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും ക്യാമറയും ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചതിന് കണ്ണൂർ ടൗൺ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സഹദ് കുപ്പായത്തിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് പരീക്ഷാ ചോദ്യങ്ങൾ പുറത്തുണ്ടായിരുന്ന സബീലിന് കൈമാറുകയായിരുന്നു. ചോദ്യങ്ങൾ ലഭിച്ച സബീൽ ഉത്തരങ്ങൾ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി സഹദിന് തിരികെ നൽകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.

പരീക്ഷ ആരംഭിച്ച് കുറഞ്ഞ സമയം കഴിഞ്ഞപ്പോൾ തന്നെ പയ്യാമ്പലം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഉദ്യോഗസ്ഥർക്ക് സഹദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നുകയും ഉടൻ പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സഹദിനെ പിടികൂടുകയായിരുന്നു.സഹദ് ഇതിനുമുമ്പ് അഞ്ച് പി.എസ്.സി. പരീക്ഷകൾ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളിലും ഇയാൾ കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.