തൃശൂർ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിനൽകിയ പരാതിയെ തുടർന്ന് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. മീഡിയവൺ, റിപ്പോർട്ടർ, മനോരമ ചാനലുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. കേന്ദ്രമന്ത്രിയെ വാഹനത്തിൽ കയറാൻ അനുവദിക്കാതെ തടഞ്ഞെന്നും സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. സുരേഷ് ഗോപിയുടെ സുരക്ഷ ഉദ്യോഗസ്ഥനായ വിഷ്ണു രാജിനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റുകയും കൃത്യ നിർവഹണത്തിന് തടസ്സമുണ്ടാക്കി എന്നിവക്കാണ് കുറ്റങ്ങൾ ചുമത്തിയത്.
ഭാരതീയ ന്യായ സംഹിത 329(3),126(2),132 തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിന് നിർദേശം നൽകിയത്. സിറ്റി എ.സി.പിക്കാണ് തൃശൂർ കമ്മിഷണർ നിർദേശം നൽകിയിരിക്കുന്നത്. ആവശ്യമാണെങ്കിൽ മാധ്യമപ്രവർത്തകരിൽ നിന്നും മൊഴിയെടുക്കുമെന്ന് എ.സി.പി അറിയിച്ചിരിക്കുന്നത്.
ഇന്ന് അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തും. രാവിലെ 11 മണിക്ക് കമ്മിഷണർ ഓഫിസിലെത്തി മൊഴിനൽകുമെന്നാണ് അനിൽ അറിയിച്ചത്. കഴിഞ്ഞ ദിവസം തൃശൂരിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പീഡനാരോപിതനായ എം.എൽ.എയും നടനുമായ മുകേഷിന്റെ വിഷയത്തിൽ പ്രതികരണം അറിയാനായി ചെന്ന മാധ്യമങ്ങളെയാണ് സുരേഷ് ഗോപി കൈയേറ്റം ചെയ്തത്. എന്റെ വഴി എന്റെ അവകാശമാണ് എന്ന് പറഞ്ഞാണ് മാധ്യമ പ്രവർത്തകരെ കേന്ദ്ര മന്ത്രി പിടിച്ച് തള്ളിയത്.
ജനങ്ങൾക്ക് അറിയേണ്ട ചോദ്യമാണ് ഞങ്ങൾ ചോദിക്കുന്നത് എന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് കാറിൽ കയറിയതിന് ശേഷം സൗകര്യമില്ലായെന്നാണ് അദ്ദേഹം നൽകിയ മറുപടി. ആരോപണം ഉയർന്നതുകൊണ്ട് മാത്രം കുറ്റക്കാരനായി കാണാനാവില്ലെന്ന നിലപാടാണ് സുരേഷ് ഗോപി മുകേഷിന്റെ കാര്യത്തിൽ സ്വീകരിച്ചത്.
ബി.ജെ.പി സംസ്ഥാന നേതൃത്വം മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സുരേഷ് ഗോപി അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. ഒരു ചലച്ചിത്ര നടനെന്ന നിലയിൽ ബഹുമാനപെട്ട സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ പാർട്ടിയുടെ നിലപാട് പാർട്ടി പറയുന്നതാണ് എന്നാണ് ബി.ജെ.പി.യുടെ കേരള സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞത്.