Banner Ads

മാവേലി എഴുന്നള്ളത്ത്, മേളം, ഓണസദ്യ; ലണ്ടൻ ഹിന്ദു ഐക്യവേദി ഓണാഘോഷം ശ്രദ്ധേയമായി

ലണ്ടൻ : ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും (LHA) മോഹൻജി ഫൗണ്ടേഷനും സംയുക്തമായി വർണ്ണാഭമായ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു.

2025 സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 5:30-നാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമായത്. ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെന്ററാണ് ആഘോഷങ്ങൾക്ക് വേദിയായത്. ബഹുമാന്യനായ ക്രോയ്ഡൺ മേയർ ജയ്സൺ പെറി ചടങ്ങിൽ വിശിഷ്ടാതിഥിയായി.

ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ കലാപരിപാടികളാണ് അരങ്ങേറിയത്. ദീപം തെളിയിക്കലിന് ശേഷം മാവേലി എഴുന്നള്ളത്ത് നടന്നു. LHA ടീമിന്റെയും നിവേദിതയുടെയും റാഗി സ്വിന്റന്റെയും ഓണപ്പാട്ടുകൾ ശ്രദ്ധേയമായി. LHA കുട്ടികളുടെയും സംഗീത ഓക്സ്ഫോർഡിന്റെയും നൃത്തങ്ങൾ, LHA പെൺകുട്ടികളുടെ കൈകൊട്ടിക്കളി, LHA ടീമിന്റെ തിരുവാതിര എന്നിവ അരങ്ങേറി.

ആശാ ഉണ്ണിത്താന്റെ നൃത്തശിൽപ്പം, വിനീത് പിള്ളയുടെ കഥകളി എന്നിവ സദസ്സിന് വിരുന്നായി. വിനോദ് നവധാരയുടെ ഇലഞ്ഞിത്തറ മേളം പരിപാടികൾക്ക് ആവേശം നൽകി. ദീപാരാധനയോടെ പരിപാടികൾ സമാപിച്ചു. തുടർന്ന് എല്ലാവർക്കും ഓണസദ്യയോടെയുള്ള പ്രസാദ ഊട്ട് നൽകി.