
ഷൊർണൂർ : ഷൊർണൂർ-കോഴിക്കോട് റെയിൽപാതയിലെ കൊടുമുണ്ട ഗേറ്റിൽ ഗുഡ്സ് ഓട്ടോറിക്ഷ ഇടിച്ച് റെയിൽവേ ഗേറ്റ് തകർന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. ഇതോടെ പട്ടാമ്പി മുതുതല പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ട്രെയിൻ കടന്നുപോകുന്നതിനായി ഗേറ്റ് താഴ്ത്തുന്ന സമയത്താണ് സംഭവം.
അമിതവേഗത്തിൽ എത്തിയ ഓട്ടോറിക്ഷ ആദ്യത്തെ ഗേറ്റ് മറികടക്കുകയും താഴ്ന്നു വരുന്ന രണ്ടാമത്തെ ഗേറ്റിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് പൂർണ്ണമായി തകർന്നു. അപകടം സംഭവിക്കുന്ന സമയത്ത് റെയിൽ പാതയിലൂടെ ട്രെയിൻ കടന്നുപോയി. റെയിൽവേ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗേറ്റ് ശരിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.