Banner Ads

സിദ്ധിഖ് പീഡിപ്പി ച്ചുവെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി അന്വേഷണം ചൈനയിലേക്കും നീളും

കൊച്ചി : നടൻ സിദ്ധിഖ് പീഡിപ്പിച്ചതായി ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതി മജിസ്ട്രേറ്റിനു മുന്നില്‍ മൊഴിയായി നൽകുന്നതോടെ, ഇനി ഒരിക്കലും ഈ മൊഴി മാറ്റാൻ പരാതിക്കാരിക്ക് കഴിയുകയില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ സിദ്ധിഖിന് എതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ എല്ലാവശങ്ങളും പരിശോധിച്ചതിന് ശേഷമേ തുടർ നടപടി സ്വീകരിക്കൂ എന്നാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനമെന്നാണ് സൂചന. ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് നേരത്തെ നല്‍കിയ പ്രതികരണങ്ങളും മജിസ്ട്രേറ്റിനു മുന്നില്‍ കൊടുത്ത മൊഴികളോടൊപ്പം അന്വേഷണ സംഘത്തിന് പരിശോധിക്കേണ്ടതായും വരും.

സിനിമയെക്കുറിച്ച് ചർച്ച ചെയ്യാം എന്നു പറഞ്ഞാണ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദിഖ് തന്നെ പീഡിപ്പിച്ചത് എന്നാണ് പരാതിക്കാരി ആരോപിച്ചിരിക്കുന്നത്. തന്നെ ട്രാപ്പിലാക്കിയാണ് സിദ്ധിഖ് ഉപദ്രവിച്ചത് എന്നും അവർ പറയുന്നു.  പീഡനം തുറന്നു പറഞ്ഞതിനാല്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയതായും ജൂനിയർ ആർട്ടിസ്റ്റായ നടി വ്യക്തമാക്കിയിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് സോഷ്യല്‍ മീഡിയ വഴി സിദ്ധിഖ് ബന്ധപ്പെട്ടതെന്നും ഫേക്ക് ആയിട്ട് തോന്നുന്ന ഒരു അക്കൗണ്ടിലൂടെയാണ് മെസേജ് അയച്ചത് എന്നുമാണ് പരാതിക്കാരി പറഞ്ഞിരിക്കുന്നത്. തൻ്റെ സുഹൃത്തുക്കള്‍ക്ക് ഉൾപ്പെടെ പലർക്കും ആ അക്കൗണ്ട് വഴി സിദ്ദിഖ് മെസേജ് അയച്ചിട്ടുണ്ട് എന്നും മൊഴി ഉള്ളതിനാല്‍ ഈ സുഹൃത്തുക്കളുടെ മൊഴിയും ഈ അക്കൗണ്ടിൻ്റെ വിശദാംശവും പൊലീസിന് ഇനി ലഭിക്കേണ്ടതുണ്ട്.

‘സുഖമായിരിക്കട്ടെ’ എന്ന ഒരു സിനിമയുടെ പ്രിവ്യൂ ഷോ കണ്ടതിനു ശേഷം മസ്‌ക്കറ്റിലെ ഒരു ഹോട്ടലില്‍ വച്ച്‌ സിനിമ ചർച്ച ചെയ്യാം എന്ന് പറഞ്ഞാണ് സിദ്ധിഖ് തന്നെ അവിടേക്ക് വിളിച്ചതും താൻ അവിടെ പോയതുമെന്നുമാണ് നടി പൊലീസിന് നല്‍കിയ മൊഴിയിലും ആവർത്തിച്ചിരിക്കുന്നത്. സിദ്ധിഖിന്റെ റൂമില്‍ വച്ച്‌ തന്നെ ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും അടിക്കുകയും തൊഴിക്കുകയും ട്രാപ്പിലാക്കുകയും ചെയ്തുവെന്നാണ്‌ നടി പറയുന്നത്.  സിനിമയെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായന്നതെന്നും,  ആ ഹോട്ടലിലുള്ള പലർക്കും ഇതിനെക്കുറിച്ച് അറിയാമെന്നുമാണ് താൻ വിശ്വസിക്കുന്നത് എന്നാണ് നടി പറയുന്നത്.  ഈ സംഭവത്തിന് ശേഷം അയാള്‍ തന്റെ മുന്നില്‍ ഇരുന്ന് ചോറും മീൻകറിയും തൈരും കൂട്ടിക്കഴിച്ച കാര്യവും അവർ എടുത്ത് പറയുന്നു.

അതിലും അയാള്‍ ലൈംഗികത കലർത്തിയാണ് തന്നോട് സംസാരിച്ചതെന്നും നടി. പിന്നീട് തന്നെ അവിടെ അടച്ചിട്ടുവെന്നും, ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നുമാണ് നടിയുടെ മൊഴി. അതീവ ഗുരുതരമാണ് ഈ മൊഴിയെങ്കിലും തെളിവുകള്‍ സംഘടിപ്പിക്കുക അന്വേഷണ സംഘത്തെ സംബന്ധിച്ച്‌ പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്. നടി പറഞ്ഞതനുസരിച്ച് സംഭവം നടന്നിട്ട് ഇപ്പോള്‍ ഏഴുവർഷം കഴിഞ്ഞിരിക്കുന്നു. മസ്കറ്റ് ഹോട്ടലില്‍ നിന്നും സി.സി.ടി.വി ദൃശ്യം കണ്ടെത്തുന്നത് അതു കൊണ്ടു തന്നെ ബുദ്ധിമുട്ടാകും. ഏത് റൂമിലാണ് സിദിഖ് അന്ന് താമസിച്ചതെന്നും ആ സമയം ആരൊക്കെ ആയിരുന്നു ഹോട്ടലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതെന്നതും കണ്ടെത്തുകയും അവരുടെ മൊഴിയും പൊലിസിന് രേഖപ്പെടുത്തേണ്ടതായി വരും.

കൂടാതെ സിദ്ധിഖ് നടിയെ റൂമില്‍ പൂട്ടിയിട്ടിട്ട് പുറത്ത് പോയിരുന്നു എന്നു പറയുമ്പോൾ ഈ വിവരം ഹോട്ടലിലെ റിസപ്ഷനില്‍ വിളിച്ചു പറയാൻ റൂമില്‍ ഫോണ്‍ ഇല്ലായിരുന്നോ എന്ന ചോദ്യവും സ്വാഭാവികമായും ഉയർന്നു വരുന്നുണ്ട്. മാത്രമല്ല നടിയെ പൂട്ടിയിട്ട വിവരം മൊബൈല്‍ ഫോണിലൂടെയെങ്കിലും ആരെയെങ്കിലും അറിയിക്കാതിരുന്നത് എന്തു കൊണ്ടാണ് എന്നതിനും അന്വേഷണ സംഘം ഉത്തരം കണ്ടെത്തണം. ബലാത്സംഗംചെയ്ത ശേഷം തൻ്റെ മുന്നില്‍ ഇരുന്ന് സിദ്ദിഖ് ഭക്ഷണം കഴിച്ചതായി നടി പറയുന്നതിൻ്റെ വിശ്വാസ്യത ഉറപ്പു വരുത്താനായി സിദ്ധിഖിന് ഭക്ഷണം എത്തിച്ച കൊടുത്ത ഹോട്ടലിലെ ജീവനക്കാരനെയും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ബലമായി നടിയെ പിടിച്ചുവച്ച്‌ പീഡിപ്പിച്ച ഒരു റൂമിലേക്ക് ഹോട്ടലിലെ സ്റ്റാഫ് ഭക്ഷണം കൊണ്ടുവരികയാണെങ്കില്‍ അതേകുറിച്ച്‌ ആ സ്റ്റാഫിനും അറിവുണ്ടാകും, കൂടാതെ ചിലത് പറയാനുമുണ്ടാകും.

ഈ അവസരത്തിലൊക്കെ നടിക്ക് ഹോട്ടലിലെ സ്റ്റാഫിനെ വിവരം അറിയിക്കാൻ കഴിയുമായിരുന്നുവെങ്കിലും ആ അവസരം ഉപയോഗിച്ചിട്ടില്ലെങ്കില്‍ അതും സംശയകരമായി തുടരുകയാണ്. പിന്നീട് തനിക്ക് ലഭിച്ച ഒരു ഗ്യാപില്‍ താൻ റൂമില്‍ നിന്നും ഇറങ്ങിപ്പോയെന്നും, എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയാല്‍ മതിയെന്ന ചിന്ത മാത്രമാണ് തനിക്ക് ഉണ്ടായതെന്നുമാണ് നടി പറയുന്നത്. ഹോട്ടലില്‍ നിന്നും ഇറങ്ങി പോകുന്ന സമയത്തെങ്കിലും ഹോട്ടലിൻ്റെ റിസപ്ഷനില്‍ താൻ നേരിട്ട പീഡനം നടിക്ക് പറയാമായിരുന്നുവെങ്കിലും അതും സംഭവിച്ചിട്ടില്ല. മസ്കറ്റ് ഹോട്ടലിനെ പോലെ സർക്കാർ നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൻ്റെ അധികൃതരെ പീഡന വിവരം അറിയിച്ചാല്‍, സിദ്ധിഖ് ബലാത്സംഗം ചെയ്‌താലും ഇല്ലങ്കിലും യുവ നടി ഒരു പരാതി പറയുന്നതിൻ്റെ അടിസ്ഥാനത്തില്‍ കടുത്ത നടപടികൾ സിദ്ധിഖിന് എതിരെ അപ്പോള്‍ തന്നെ എടുക്കുമായിരുന്നു.

എന്നാൽ എന്തുകൊണ്ടാണ് ഈ അവസരങ്ങളൊന്നും നടി ഉപയോഗിച്ചില്ല എന്ന ചോദ്യത്തിനും ഉത്തരം അന്വേഷണ സംഘം തന്നെയാണ് കണ്ടു പിടിക്കേണ്ടത്. സംഭവം നടന്ന ദിവസം ഓറഞ്ച് കളർ ഡ്രസ്സ് ആണ് ഇട്ടതെന്നും, ഈ സംഭവത്തിന് ശേഷം താൻ പിന്നീട് ഒരിക്കലും ആ ഡ്രസ്സ് യൂസ് ചെയ്തിട്ടില്ലെന്നും നടി പറയുന്നു. അതിനാൽ തന്നെ ഈ ഡ്രസ്സും തെളിവായി അന്വേഷണ സംഘത്തിന് നല്‍കേണ്ടി വരും. മാത്രമല്ല ഏഴുവർഷം പഴക്കമുള്ള ഈ സാഹചര്യത്തില്‍ ഇനി ആ ഡ്രസ്സ് അവിടെ ഉണ്ടാവുമോ അതല്ലെങ്കില്‍ അത് ലഭിച്ചാലും ഫോറൻസിക് പരിശോധനയില്‍ സിദ്ധിഖിന് കുരുക്ക് വീഴുന്ന വല്ല തെളിവും ഇനി ലഭിക്കുമോ എന്നതും പ്രസക്തമായ ചോദ്യമാണ്.  ഈ ചോദ്യങ്ങളെല്ലാം, അന്വേഷണ സംഘം ചോദിച്ചാലും ഇല്ലെങ്കിലും പ്രതിഭാഗത്തുള്ള വക്കീല്‍ കോടതിയില്‍ ഉയർത്തുമെന്ന കാര്യം ഉറപ്പാണ്.

സിദ്ദിഖ് പറയുന്നത് താൻ നടിയെ കാണുമ്പോൾ ഒപ്പം നടിയുടെ രക്ഷിതാക്കളും കൂടെ ഉണ്ടായിരുന്നു എന്നാണ്. നടിയും ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട് സിനിമയുടെ പ്രിവ്യൂ കാണാൻ തൻ്റെ രക്ഷിതാക്കളും കൂടെ ഉണ്ടായിരുന്നതായി. അങ്ങനെയാണെങ്കില്‍ മസ്കറ്റ് ഹോട്ടലിലും രക്ഷിതാക്കള്‍ വന്നിരുന്നോ എന്നതിനും പൊലീസിന് ഉത്തരം ലഭിക്കണം. മാത്രമല്ല, സിദ്ധിഖ് തന്നെ ഉപദ്രവിച്ച കാര്യം നടി രക്ഷിതാകളോട് പറഞ്ഞിട്ടുണ്ടോ എന്നതിനും പറഞ്ഞില്ലങ്കില്‍ അത് എന്ത്കൊണ്ടാണ് എന്നതിനും വ്യക്തത വരേണ്ടതുണ്ട്.  പീഡന വിവരം അറിഞ്ഞിട്ടും അത് മറച്ചു വച്ചാല്‍ രക്ഷിതാക്കള്‍ ആണെങ്കിലും പോലും അത് ക്രിമിനല്‍ കുറ്റമാണ്. അവർ ക്രിമിനല്‍ നടപടി നേരിടേണ്ടതായും വരും.

നിയമത്തെ കുറിച്ച്‌ കൃത്യമായ ബോധവും അറിവും വിദ്യാഭ്യാസവും ഉള്ള നടി തന്നെ പരാതി നല്‍കാൻ ഏഴു വർഷമെടുത്തെങ്കിൽ പ്രതിക്കെതിരെ ചാടിക്കയറി നടപടി സ്വീകരിക്കുന്നതിന് മുൻപ് എല്ലാവശങ്ങളും കൃത്യമായി മനസ്സിലാക്കിയെടുക്കാനാണ് അന്വേഷണ സംഘവും തീരുമാനിച്ചിരിക്കുന്നത്. തനിക്ക് എതിരെ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി സിദ്ദിഖ് പരാതി നൽകിയതിനാൽ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് ഡി.ജി.പി കൈമാറിയതിനാല്‍ ഈ പരാതിയില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചും അന്വേഷണമുണ്ടാകും. ഒരു സിനിമാ പ്രിവ്യൂ ഷോയിൽ തന്നോട് മോശമായി സംസാരിച്ചു എന്നതുൾപ്പെടെ സോഷ്യൽ മീഡിയയിലൂടെയും പത്രങ്ങളിലൂടെയും നടി തനിക്കെതിരെ ഒന്നിലധികം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് സിദ്ദിഖ് നൽകിയ പരാതിയിൽ ആരോപിക്കുന്നു. സിദ്ദിഖ് ബലാത്സംഗം ചെയ്യുകയും പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നും എന്നും മാറ്റി പറയുന്നു.

ഇത് ഒരു പോക്‌സോ കേസിലേക്ക് നയിക്കുന്ന തരത്തിലാണ് നടി ആരോപിച്ചിരിക്കുന്നതെന്നും നടിക്ക് ഒരു ഗൂഢലക്ഷ്യമുണ്ടെന്ന് സിദ്ദിഖ് എതിർക്കുന്നു. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. ഈ അവകാശവാദങ്ങൾക്ക് പിന്നിൽ ബോധപൂർവമായ അജണ്ടയുണ്ടെന്ന് സൂചിപ്പിക്കുന്നു എന്നാണ് സിദ്ദിഖിൻ്റെ ആരോപണം. ചൈനയിൽ മെഡിസിൻ പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ നഗ്‌ന ഫോട്ടോ എടുത്തുവെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ ആ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയെന്നുമുള്ള വിവരം ഒരു ഫാഷൻ ഷോ കോർഡിനേറ്ററാണ് തന്നെ അറിയിച്ചതെന്ന് സിദ്ദിഖ് വെളിപ്പെടുത്തി. ഈ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് താൽപ്പര്യമുണ്ടെങ്കിൽ, കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് അവർ ചൈനയിലെ ഇന്ത്യൻ എംബസിയുമായി സഹകരിക്കേണ്ടതുണ്ട്.

2021-ൽ പീഡനാരോപണം ഉന്നയിച്ച് പന്ത്രണ്ട് വ്യക്തികളുടെ ഒരു ലിസ്റ്റ് പ്രസ്തുത നടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നിരുന്നാലും, മൂന്ന് ദിവസത്തിന് ശേഷം തുടർന്നുള്ള പോസ്റ്റിൽ തന്നെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് അവർ വ്യക്തമാക്കി.  ഈ പൊരുത്തക്കേട് ചോദ്യങ്ങൾ ഉയർത്തി.  പുതിയ സംഭവവികാസങ്ങൾ കണക്കിലെടുത്ത് അന്വേഷണ സംഘത്തിന് ഇക്കാര്യത്തിൽ വ്യക്തതയും കൂടുതൽ വിശദാംശങ്ങളും തേടാതിരിക്കാൻ കഴിയുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *