
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായത്. ഇന്ന് പവന് 440 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ (22 കാരറ്റ്) സ്വർണത്തിന്റെ വിപണിവില 84,680 രൂപയായി. കഴിഞ്ഞ ദിവസം 320 രൂപ ഉയർന്നിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് 760 രൂപയുടെ വർധനവാണ് ഉണ്ടായത്.
നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 93,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം വിവാഹ വിപണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ 85,000 രൂപ വരെ എത്തിയ ശേഷമാണ് വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.