
കണ്ണൂർ : ജില്ലയിലെ 67 സ്കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ. തദ്ദേശവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് ഈ കണക്ക്. ഇതിൽ 46 എണ്ണം സർക്കാർ സ്കൂളുകളും 21 എണ്ണം എയ്ഡഡ് സ്കൂളുകളുമാണ്. ഈ കെട്ടിടങ്ങളെല്ലാം ഉപയോഗശൂന്യമായതും ഉടൻ പൊളിച്ചു നീക്കേണ്ടതുമാണ് എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
നൂറ് വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങൾ പോലും ഈ പട്ടികയിലുണ്ട്. നിലവിൽ അപകടാവസ്ഥയിലുള്ള ഈ കെട്ടിടങ്ങളിൽ ക്ലാസുകൾ നടക്കുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ പ്രവർത്തിക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെടാതെ അധ്യയനം നടക്കുന്ന സാഹചര്യമുണ്ട്.
കൊല്ലം തേവലക്കര ഗവ. ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിനെത്തുടർന്ന് തദ്ദേശ വകുപ്പ് നടത്തിയ സംസ്ഥാനതല പരിശോധനയിലാണ് കണ്ണൂരിലെ അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടങ്ങൾ കണ്ടെത്തിയത്. സർക്കാർ, എയ്ഡഡ്, കേരള സിലബസിലുള്ള അൺ എയ്ഡഡ് സ്കൂളുകളിലാണ് പരിശോധന നടത്തിയത്.
കണ്ണൂർ- 13, തലശ്ശേരി- 17, തളിപ്പറമ്പ് -16 എന്നിങ്ങനെയാണ് വിവിധ വിദ്യാഭ്യാസ ജില്ലകളിൽ അപകടാവസ്ഥയിലുള്ള സർക്കാർ സ്കൂൾ കെട്ടിടങ്ങൾ. അപകടവസ്ഥയിലുള്ള 21 എയ്ഡഡ് സ്കൂൾ കെട്ടിടങ്ങൾ കണ്ണൂർ – തലശ്ശേരി-തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലാണ്.