
പിണറായി വിജയൻ സർക്കാരിൽ വിശ്വാസമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിശ്വാസ സംരക്ഷണത്തിനുള്ള സർക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാരിന് കഴിയുമായിരുന്നെന്നും എന്നാൽ അത് ചെയ്തില്ലെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരോ കോൺഗ്രസോ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “ആരോടും ഞങ്ങൾക്ക് എതിർപ്പില്ല, ആശയങ്ങളോടാണ് എതിർപ്പ്. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായിരുന്ന വി. മുരളീധരൻ ശബരിമല വിഷയത്തിൽ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞു. എന്നിട്ട് എന്തായി, വല്ലതും നടന്നോ?” സുകുമാരൻ നായർ ചോദിച്ചു.
കോൺഗ്രസിന് വിശ്വാസ സംരക്ഷണത്തിൽ ഉറച്ച നിലപാടില്ലെന്നും, അവരുടെ നിലപാട് വിശ്വാസികൾക്ക് അനുകൂലമല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രശ്നങ്ങളുണ്ടാക്കിയവർ തന്നെ അത് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ ആശയങ്ങളോട് യോജിക്കുന്നതിൽ തെറ്റില്ല. ഇതിൽ രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്കോ കോൺഗ്രസിനോ വിശ്വാസ സംരക്ഷണത്തിനായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.