
ബെംഗളൂരു : പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്. ബെംഗളൂരുവിലെ ക്യാബ് ഡ്രൈവറായ ലോഹിതാശ്വ (35) ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. രേഖയുടെ ആദ്യ വിവാഹത്തിലെ 12 വയസ്സുള്ള മകളുടെ കൺമുന്നിലാണ് അരുംകൊല നടന്നത്.
മൂന്ന് മാസം മുമ്പാണ് ലോഹിതാശ്വയും രേഖയും വിവാഹിതരായത്. തിങ്കളാഴ്ച രാവിലെ കോൾ സെന്ററിലേക്ക് പോകാൻ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു രേഖ. ഈ സമയം അവിടെയെത്തിയ ലോഹിതാശ്വ രേഖയുടെ നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രേഖ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. സംഭവം കണ്ട നാട്ടുകാർ ലോഹിതാശ്വയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെട്ടു. പ്രതിക്കുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.