
തിരുവനന്തപുരം : പിറന്നാൾ ദിനത്തിൽ ആരാധകർക്കായി സന്തോഷ വാർത്തയുമായി നടൻ ഉണ്ണി മുകുന്ദൻ. പ്രമുഖ ബോളിവുഡ് നിർമാണ കമ്പനിയായ റിലയൻസ് എന്റർടൈൻമെന്റ്‌സ് ഉണ്ണി മുകുന്ദനെ നായകനാക്കി രണ്ട് ഹിന്ദി സിനിമകൾ പ്രഖ്യാപിച്ചു.
“ഇന്ത്യയുടെ മസിൽ അളിയൻ ഉണ്ണി മുകുന്ദൻ റിലയൻസ് എന്റർടൈൻമെൻ്റ്സിന്റെ രണ്ട് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പങ്കുവെക്കുന്നതിൽ ഞങ്ങൾ ആവേശത്തിലാണ്,” എന്നാണ് റിലയൻസ് എന്റർടെയ്ൻമെന്റ്സ് പറഞ്ഞത്.
ഈ പ്രഖ്യാപനം നടത്താൻ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തേക്കാൾ മികച്ച ദിവസം വേറെയില്ലെന്നും സൂപ്പർ സ്റ്റാറിന് ജന്മദിനാശംസകൾ എന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ അവർ കുറിച്ചു. ‘മാർക്കോ’ സിനിമയുടെ വിജയത്തിന് ശേഷം പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദന്റെ സിനിമാജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാകും ഈ പുതിയ പ്രോജക്റ്റുകൾ.