
തിരുവനന്തപുരം; ജി.എസ്.ടി. കൗൺസിലിന്റെ തീരുമാനങ്ങളിൽ കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും പങ്കുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനവും എതിരഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, നികുതി കുറയ്ക്കുന്നതിന്റെ നേട്ടം ജനങ്ങൾക്ക് ലഭിക്കണമെന്നും, പല കമ്പനികളും ഈ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് എത്തിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര മന്ത്രിമാർ പോലും ഈ വിഷയം അംഗീകരിച്ചിട്ടുണ്ടെന്നും, ഏതാനും മാസങ്ങൾ കഴിയുമ്പോൾ കാര്യങ്ങൾ പഴയപടിയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജി.എസ്.ടി. പരിഷ്കരണത്തിന്റെ ഭാഗമായി മതിയായ പഠനങ്ങൾ നടന്നിട്ടില്ലെന്നും, ഇത് സംസ്ഥാനത്തിന് 50,000 കോടി മുതൽ 2,00,000 കോടി രൂപ വരെ നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇത്രയും വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ സാമൂഹിക ക്ഷേമ പെൻഷൻ, ശമ്പളം, വികസനം തുടങ്ങിയ കാര്യങ്ങൾക്കുള്ള പണം സംസ്ഥാനങ്ങൾക്ക് കണ്ടെത്താൻ പ്രയാസമാകും.
സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്റെ 41% ജി.എസ്.ടി.യിൽ നിന്നാണ് ലഭിക്കുന്നത്. ഈ വരുമാനം നഷ്ടപ്പെട്ടാൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും, ഈ നഷ്ടം നികത്താൻ എന്ത് ചെയ്യുമെന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ശമ്പളം ലഭിച്ചാൽ മാത്രമേ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കൂ എന്നും മന്ത്രി ഓർമ്മിപ്പിച്ചു.രാജ്യത്ത് പുതിയ ജി.എസ്.ടി. നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽ 99% സാധനങ്ങൾക്കും 5% ജി.എസ്.ടി. നിരക്ക് മാത്രമായിരിക്കും. ശേഷിക്കുന്ന ഉൽപ്പന്നങ്ങൾക്ക് 18% നിരക്ക് തുടരും.
വിലക്കുറവിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാൻ വിപണിയിൽ നിരീക്ഷണം തുടരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.പുതിയ തീരുമാനമനുസരിച്ച് മിൽമയുടെ പാലുൽപ്പന്നങ്ങളായ നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം എന്നിവയുടെ വില കുറഞ്ഞു. മിൽമ നെയ്യ് ഒരു ലിറ്ററിന് 45 രൂപയും, 400 ഗ്രാം വെണ്ണയ്ക്ക് 15 രൂപയും കുറയും. 500 ഗ്രാം പനീറിന് 245 രൂപയിൽ നിന്ന് 234 രൂപയായി കുറവുണ്ടാകും.
അതേസമയം, ലോട്ടറിയുടെ ജി.എസ്.ടി. 28% ൽ നിന്ന് 40% ആയി ഉയർത്തിയെങ്കിലും ടിക്കറ്റ് വിലയിൽ മാറ്റമുണ്ടാകില്ലെന്ന് ധനവകുപ്പ് അറിയിച്ചു. പകരം സമ്മാനത്തുകയും ഏജന്റുമാർക്കുള്ള കമ്മീഷനും കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. കമ്മീഷനിലായിരിക്കും വലിയ കുറവുണ്ടാവുക.