Banner Ads

ശബരിമല സ്വർണപ്പാളി വിവാദം: അടിയന്തര പ്രമേയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: നിയമസഭയിൽ ശബരിമല സ്വർണപ്പാളി വിവാദം ചർച്ച ചെയ്യാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.ശബരിമലയിലെ ശ്രീകോവിൽ സ്വർണപ്പാളിയുടെ തൂക്കത്തിൽ നാല് കിലോയുടെ കുറവുണ്ടായെന്നും ഇത് ഭക്തരുടെ ആശങ്കയ്ക്ക് കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

എന്നാൽ, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ പ്രമേയം അനുവദിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.എന്നാൽ, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ മുൻപ് ചർച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാദിച്ചു. അതേസമയം, പ്രതിപക്ഷത്തിന്റെ നീക്കം ‘കൊതിക്കെറുവ്’ ആണെന്നും അയ്യപ്പ സംഗമം തകർക്കാൻ ശ്രമിച്ചതിലുള്ള നിരാശയാണ് ഇതിന് പിന്നിലെന്നും എം.ബി. രാജേഷ് ആരോപിച്ചു.

സർക്കാർ ശബരിമലയോട് അവഗണന തുടരുകയാണെന്നും ഈ വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രമേയം നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഈ മാസം 30-ന് കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നതിനാൽ, ഇന്ന് ചർച്ച ചെയ്തിരുന്നെങ്കിൽ പ്രതിപക്ഷം കൂടുതൽ പരിഹാസ്യരാകുമായിരുന്നുവെന്ന് പി. രാജീവ് അഭിപ്രായപ്പെട്ടു.