ആലപ്പുഴ : ആലപ്പുഴ ജില്ലാ കോടതി പാലത്തിന്റെ നിർമ്മാണം കാരണം വാഹനങ്ങൾ വഴിതിരിച്ചുവിട്ട റോഡുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ജനങ്ങൾ വലയുന്നു.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ടൈൽസ് പാകി ഗതാഗതം സുഗമമാക്കിയെങ്കിലും വഴിയുടെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന ഇരുമ്പ് വസ്തുക്കൾ ഉൾപ്പെടെയുള്ള തടസ്സങ്ങൾ നീക്കം ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല.
പ്രതിഷേധവുമായി തത്തംപള്ളി റെസിഡൻസ് അസോസിയേഷൻ രംഗത്തെത്തി.വാഹനങ്ങൾ വഴിതിരിച്ചുവിട്ട സമീപ ഇടവഴികളിലേക്ക് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. നഗരചത്വര വഴിയുടെ വശങ്ങളിലും ചത്വരത്തിലും അപകടകരമായ രീതിയിൽ കൽക്കെട്ടുകളും പൊളിച്ചിട്ട അവശിഷ്ടങ്ങളും കിടക്കുകയാണ്. വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് കാൽനടയാത്രക്കാർക്ക് അപകടഭീഷണി സൃഷ്ടിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.