Banner Ads

മദ്യവുമായി ഓട്ടോക്കാരൻ കുടുങ്ങി; 22 ലിറ്റർ മദ്യവും ഓട്ടോയും കസ്റ്റഡിയിൽ

മലപ്പുറം: തൃക്കലങ്ങോട് പടുപ്പുംകുന്നിൽ ഓട്ടോറിക്ഷയിൽ മദ്യവിൽപന നടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിലായി. തൃക്കലങ്ങോട് സ്വദേശി കൽപള്ളി വീട്ടിൽ റിനേഷാണ് (35) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 22 ലിറ്റർ മദ്യവും വിൽപനയ്ക്ക് ഉപയോഗിച്ച ഓട്ടോറിക്ഷയും നാലായിരം രൂപയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

മുമ്പ് അബ്കാരി കേസിൽ പ്രതിയായിട്ടുള്ള റിനേഷ്, മൊബൈൽ ബാർ പോലെ ആവശ്യക്കാർക്ക് ഓട്ടോയിൽ മദ്യം എത്തിച്ചു നൽകുന്നതിനിടെയാണ് പിടിയിലായത്. ലഹരി ഉപയോഗത്തിനും വിൽപനക്കുമെതിരെ ശക്തമായ പരിശോധനകൾ തുടരുമെന്നും കൂടുതൽ പേർ നിരീക്ഷണത്തിലുണ്ടെന്നും മഞ്ചേരി എക്‌സൈസ് ഇൻസ്‌പെക്ടർ വി. നൗഷാദ് അറിയിച്ചു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ജി. അഭിലാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. സുനീർ, സി.ടി. അക്ഷയ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം. ആതിര, ഡ്രൈവർ എം. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.