Banner Ads

യുവവോട്ടർമാരെ ലക്ഷ്യമിട്ട് ബിഹാർ സർക്കാർ; തൊഴിൽരഹിതരായവർക്ക് പ്രതിമാസം 1000 രൂപ

പട്ന: ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, യുവ വോട്ടർമാരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ജെ.ഡി.യു. സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. തൊഴിൽരഹിതരും ബിരുദധാരികളുമായ, 20നും 25നും ഇടയിൽ പ്രായമുള്ള, തുടർപഠനം നടത്താൻ കഴിയാത്ത യുവാക്കൾക്ക് പ്രതിമാസം 1000 രൂപ അലവൻസ് നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

സംസ്ഥാനത്തിന്റെ പ്രധാന പദ്ധതിയായ ‘ഏഴ് നിശ്ചയ്’യുടെ ഭാഗമായാണ് ഈ പുതിയ പ്രഖ്യാപനം. യുവജന ശാക്തീകരണത്തോടുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധത മുഖ്യമന്ത്രി ആവർത്തിച്ചു. ഈ അലവൻസ് ഗുണഭോക്താക്കൾക്ക് രണ്ട് വർഷം വരെ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലി നൽകാനും സ്വകാര്യമേഖലയിൽ വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതായും നിതീഷ് കുമാർ പറഞ്ഞു.

നേരത്തെ, വിശ്വകർമ പൂജയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടും അനുബന്ധിച്ച് 16.04 ലക്ഷം നിർമ്മാണ തൊഴിലാളികൾക്ക് 5000 രൂപ വീതം സാമ്പത്തിക സഹായം നൽകിയിരുന്നു. ഇതിനുപുറമെ, കരാർ തൊഴിലാളികൾക്കായുള്ള പുതിയ വെബ് പോർട്ടലും പട്നയിൽ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. എന്നാൽ, ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങളാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.