
അമരാവതി: അധ്യാപികയുടെ മർദ്ദനമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടിക്ക് പരിക്ക്. ഹിന്ദി അധ്യാപികയായ സലീമ ബാഷയ്ക്കെതിരെയാണ് പരാതി.ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കനൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ സാത്വിക നാഗശ്രീക്കാണ് (11) അധ്യാപികയുടെ മർദ്ദനമേറ്റത്.
ക്ലാസ്സിൽ കുട്ടി വികൃതി കാണിച്ചതിന്റെ ദേഷ്യത്തിലാണ് അധ്യാപിക ബാഗ് കൊണ്ട് തലയ്ക്ക് അടിച്ചതെന്നാണ് പോലീസ് പറയുന്നത്. ഈ ബാഗിൽ സ്റ്റീൽ ചോറ്റുപാത്രം ഉണ്ടായിരുന്നതായും രക്ഷിതാക്കൾ പറഞ്ഞു.സെപ്റ്റംബർ 10-നാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ വിജേത ഇതേ സ്കൂളിലെ സയൻസ് ടീച്ചറാണ്. കുട്ടിയുടെ പരിക്ക് ആദ്യം ഗുരുതരമായിരുന്നില്ല.
പിന്നീട് തലവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ പോകാൻ കഴിയാതെയായി. തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം കുട്ടിക്ക് തലയോട്ടിയിൽ പരിക്ക് സംഭവിച്ചതായി കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.