ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് റിസോർട്ടിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകളെ പ്രതിചേർത്ത് പോലീസ് കേസെടുത്തു. എറണാകുളം സ്വദേശികളായ ഷെറിൻ അനില ജോസഫ് (ഒന്നാം പ്രതി), അവരുടെ ഭർത്താവ് സെബി പി. ജോസഫ് (രണ്ടാം പ്രതി) എന്നിവരെയാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ‘സ്റ്റോപ്പ് മെമോ’ ലംഘിച്ചതും, മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
അപകടത്തിൽ മരിച്ചവർ ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ്. ഏകദേശം ഇരുപതടി ഉയരമുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണത്തിനിടെയാണ് വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പോലീസും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.