ആലപ്പുഴ : പൂച്ചാക്കലിൽ നിന്ന് കാണാതായ രണ്ട് വിദ്യാർഥികളെ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം പുറത്തുപോയ കുട്ടികളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പൂച്ചാക്കൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടികൾ ബെംഗളൂരുവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചത്.
എറണാകുളത്ത് നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ കുട്ടികളിൽ സംശയം തോന്നിയ റെയിൽവേ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് റെയിൽവേ പോലീസ് പൂച്ചാക്കൽ പോലീസിനെയും കുട്ടികളുടെ ബന്ധുക്കളെയും വിവരം അറിയിച്ചു. വിദ്യാർത്ഥികളെ വൈകാതെ നാട്ടിൽ എത്തിക്കും.