തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗം പടരുന്ന അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും രൂക്ഷവിമർശനവുമായി പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎ എൻ. ഷംസുദ്ദീനാണ് ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞത്.
വീടുകളിൽ കുളിച്ചവർക്കുപോലും രോഗം ബാധിച്ചു മരിക്കുന്നുവെന്ന് ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. “കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ല, കപ്പൽ മുങ്ങി” എന്ന് പറഞ്ഞുകൊണ്ട് ആരോഗ്യമന്ത്രിയെയും സർക്കാരിനെയും അദ്ദേഹം പരിഹസിച്ചു. നൂറിലധികം പേർക്ക് രോഗം ബാധിച്ചിട്ടും രോഗവ്യാപനം എങ്ങനെ തടയാമെന്ന് വ്യക്തമാക്കാൻ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്നും ഷംസുദ്ദീൻ വിമർശിച്ചു.മരണനിരക്ക് കുറവാണെന്ന് പറഞ്ഞ് തടിയൂരുന്നു.
“കേരളത്തിൽ മരണനിരക്ക് കുറവാണെന്ന് പറഞ്ഞ് സർക്കാർ മേനി നടിക്കുകയാണ്,” ഷംസുദ്ദീൻ ആരോപിച്ചു. ആരോഗ്യവകുപ്പ് മരണക്കണക്കുകൾ പൂഴ്ത്തിവെക്കുകയാണെന്നും മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോൾ മാത്രമാണ് യഥാർത്ഥ കണക്കുകൾ പുറത്തുവിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രോഗവ്യാപനം തടയാൻ സാധിക്കാതെ, മരണനിരക്ക് കുറവാണെന്ന് പറയുന്നത് കൊണ്ട് മാത്രം ‘നമ്പർ വൺ കേരളം’ എന്ന വാദത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.