കൊല്ലം കിഴക്കേ കല്ലട സിവികെഎം സ്കൂളിലെ ഒരു വിദ്യാർത്ഥിനിയെ ക്ലാസ്സിൽ വെച്ച് അധ്യാപിക മർദ്ദിച്ചതായി പരാതി. ഡെസ്കിൽ തലവെച്ച് ഉറങ്ങിപ്പോയ കുട്ടിയെ കട്ടിയുള്ള പുസ്തകം കൊണ്ട് തലക്കടിച്ചെന്നാണ് ആരോപണം. മർദ്ദനമേറ്റ കുട്ടി കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിന്റെ തലേദിവസം രാത്രി മുഴുവൻ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെ ശുശ്രൂഷിച്ച് ഉറക്കമിളച്ചാണ് കുട്ടി ക്ലാസ്സിലെത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ക്ഷീണം കാരണം അവൾ ഡെസ്കിൽ തലവെച്ച് മയങ്ങിപ്പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു.
തലക്ക് മരവിപ്പും വേദനയും അനുഭവപ്പെട്ടെങ്കിലും കുട്ടി ഉടൻ വീട്ടിൽ വിവരമറിയിച്ചില്ല. ഞായറാഴ്ച വൈകുന്നേരം പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഭയന്ന കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. നാല് ദിവസത്തെ പൂർണ്ണ വിശ്രമം ആവശ്യമാണെന്നും അവർ നിർദേശിച്ചിട്ടുണ്ട്.