പാലക്കാട്: പുതുപ്പരിയാരത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പുതുപ്പരിയാരം പൂച്ചിറ സ്വദേശി അനൂപിനെയാണ് (35) ഹേമാംബികാ നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (35) മരിച്ച കേസിലാണ് അനൂപിനെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ഈ മാസം 10നാണ് മീരയെ പൂച്ചിറയിലെ അനൂപിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് അനൂപും അമ്മയും ചേർന്നാണു മീരയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി മീരയുടെ കുടുംബം മുന്നോട്ടു വന്നു. എന്നാൽ, മീരയുടെ ശരീരത്തിൽ മുറിവുകളോ മർദനമേറ്റ പാടുകളോ ഉണ്ടായിരുന്നില്ലെന്നും മരണം ആത്മഹത്യയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.സ്ഥിരമായി അനൂപ് വഴക്കുണ്ടാക്കാറുണ്ടെന്നും മാനസികമായ പീഡനമാണു മീര ജീവനൊടുക്കാൻ കാരണമായതെന്നും പൊലീസ് തുടരന്വേഷണത്തിൽ കണ്ടെത്തി. മീരയുടെ മുറിക്കുള്ളിൽ നിന്നു ലഭിച്ച പുസ്തകത്തിൽ അനൂപ് സ്ഥിരമായി മർദിക്കാറുണ്ടെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുമുള്ള കുറിപ്പുകളും ലഭിച്ചെന്നു പൊലീസ് പറഞ്ഞു.
തുടർന്നാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അനൂപിനെ ഇൻസ്പെക്ടർ കെ.ഹരീഷിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.