കോഴിക്കോട്: ബൈക്ക് യാത്രികനായ പോലീസുകാരനെ കാട്ടുപന്നി ഇടിച്ച് വീഴ്ത്തി. അപകടത്തിൽ താമരശ്ശേരി ട്രാഫിക് യൂനിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രതീഷിന് (46) പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ ബാലുശ്ശേരി കരുമല ഭാഗത്ത് വെച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രതീഷിന്റെ ബൈക്കിന് കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. തോളെല്ലിന് പൊട്ടലുണ്ട്.
അപകടം കണ്ട ഉടൻ നാട്ടുകാർ രതീഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.