Banner Ads

വൈദ്യുതി ലൈനിൽ ഭീഷണിയായി പെരുമ്പാമ്പ്; ഗുരുവായൂരിൽ നഗരത്തിൽ പരിഭ്രാന്തി

ഗുരുവായൂർ:പൂച്ചയെ പിടിക്കാൻ വൈദ്യുതി പോസ്റ്റിനു മുകളിൽ കയറിയ പെരുമ്പാമ്പ് രണ്ടരമണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഗുരുവായൂർ തമ്പുരാൻപടിയിലാണ് രാത്രിയിൽ വൈദ്യുതി പോസ്റ്റിൽ ഈ സംഭവം നടന്നത്. പെരുമ്പാമ്പിനെ കണ്ട പൂച്ച ചാടി രക്ഷപ്പെട്ടെങ്കിലും പാമ്പിന് തിരികെ ഇറങ്ങാൻ സാധിച്ചില്ല.

പാമ്പ് വൈദ്യുതി ലൈനിനടുത്തെത്തിയപ്പോൾ, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചു. പോസ്റ്റിന് മുകളിൽ 11 കെ.വി. ലൈനിൽ ചുറ്റിവരിഞ്ഞ നിലയിലായിരുന്നു പാമ്പ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വളണ്ടിയറായ പ്രബീഷ് ഗുരുവായൂർ കോണി ഉപയോഗിച്ച് മുകളിൽ കയറി പാമ്പിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും അത് ആക്രമണ സ്വഭാവം കാണിച്ചതോടെ താഴെയിറങ്ങി. പിന്നീട് തോട്ടി ഉപയോഗിച്ച് പെരുമ്പാമ്പിനെ താഴെയിട്ടു.

വൈദ്യുതി കമ്പിയിൽ ചുറ്റിപ്പിടിച്ചതിനാൽ ഏറെ പ്രയാസപ്പെട്ടാണ് രാത്രി 10:30-ഓടെ പാമ്പിനെ പിടികൂടാനായത്.