Banner Ads

ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ഇടിച്ചുകയറി 27 പേർക്ക് പരിക്ക്

ചേർത്തല: ദേശീയപാതയിൽ പൊലീസ് സ്റ്റേഷന് വടക്ക് ഭാഗത്തുള്ള ഹൈവേ പാലത്തിൽ അടിപ്പാത നിർമാണം നടക്കുന്നിടത്തേക്ക് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി 27 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ 4.30-ഓടെയാണ് അപകടം നടന്നത്. നിർമാണത്തിലിരിക്കുന്ന അടിപ്പാതയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പികളിലേക്ക് ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. വാഹനങ്ങൾ തിരിച്ചുവിടുന്നതിനുള്ള സിഗ്നൽ കാണാതെപോയതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു.

കോയമ്പത്തൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ശ്രീരാജ്, കണ്ടക്ടർ സുജിത്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഫയർഫോഴ്സ് എത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മറ്റ് യാത്രക്കാർക്ക് കഴുത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്.