കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തി. പ്രവാസികളുടെ എണ്ണത്തിലുണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പ്രവാസികളുടെ എണ്ണത്തിൽ 1.56 ശതമാനം കുറവുണ്ടായി, ഇത് 33,15,086 ആയി. അതേസമയം, കുവൈത്ത് പൗരന്മാരുടെ എണ്ണത്തിൽ 1.35 ശതമാനം വർധനവുണ്ടായി.
ഈ വർഷം കുവൈത്തി പൗരന്മാരുടെ എണ്ണം 15,66,268 ആയി ഉയർന്നതോടെ, രാജ്യത്തെ മൊത്തം ജനസംഖ്യയിൽ അവരുടെ വിഹിതം 31.5 ശതമാനത്തിൽ നിന്ന് 32.5 ശതമാനമായി വർധിച്ചു. പുരുഷന്മാരായ പ്രവാസികളുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയത്, എന്നാൽ സ്ത്രീകളുടെ എണ്ണത്തിൽ കാര്യമായ മാറ്റമില്ല.
തൊഴിൽ വിപണിയിലെ മാറ്റങ്ങളും പുതിയ സർക്കാർ നയങ്ങളും പ്രവാസികളുടെ എണ്ണത്തിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, യുവജനങ്ങളുടെ വർധനവും സർക്കാർ പിന്തുണയുള്ള നയങ്ങളും കുവൈത്തി ജനസംഖ്യയുടെ വളർച്ചയ്ക്ക് കാരണമായി. ജനസംഖ്യയിലെ ഈ മാറ്റം വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ മേഖലകളിലെ ഭാവി ആസൂത്രണങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.