കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ. അത്താഴക്കുന്ന് സ്വദേശി മജീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അക്ഷയിന്റെ സംഘത്തിലെ പ്രധാനിയാണ് മജീഫെന്ന് പോലീസ് പറഞ്ഞു. ഇയാൾ നിരവധി ലഹരി കേസുകളിൽ പ്രതിയാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് പുറമെ ലഹരി വിൽപ്പനയും വ്യാപകമാണെന്ന് അക്ഷയിന്റെ അറസ്റ്റിനുശേഷം വ്യക്തമായിരുന്നു.
കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനകത്ത് മദ്യവും പുകയില ഉത്പന്നങ്ങളും കരിഞ്ചന്തയിൽ വിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് ചില ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കുന്നതായി സൂചനയുണ്ട്. ജയിലിന് പുറത്തുള്ള സംഘം ലഹരിവസ്തുക്കൾ ജയിലിനകത്തേക്ക് എറിഞ്ഞുകൊടുക്കുകയും,
അകത്തുള്ള സംഘം ഇത് നാലിരട്ടി വിലയ്ക്ക് തടവുകാർക്കിടയിൽ വിൽക്കുകയും ചെയ്യുന്നതാണ് രീതിയെന്ന് പോലീസ് പറയുന്നു. 400 രൂപയുടെ മദ്യത്തിന് 4000 രൂപയും, ഒരു കെട്ട് ബീഡിക്ക് 200 രൂപയും, കഞ്ചാവ് ബീഡിക്ക് 500 രൂപയുമാണ് ഇവർ ഈടാക്കുന്നത്.