Banner Ads

ടിക്കറ്റില്ലാത്തതിനെ തുടർന്ന് തിയേറ്റർ മാറി; മാതാപിതാക്കൾ കുട്ടിയെ മറന്നു, സിനിമ നിർത്തിവെച്ച് അനൗൺസ്മെന്റ്

തൃശൂർ : സിനിമയുടെ ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് മറ്റൊരു തിയേറ്ററിലേക്ക് പോയ മാതാപിതാക്കൾ ഏഴ് വയസ്സുകാരനായ മകനെ മറന്നു വെച്ചു. രണ്ടാമത്തെ തീയ്യറ്ററില്‍ കയറിയ അവര്‍ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം ചിന്തിച്ചതുമില്ല. ശനിയാഴ്ച രാത്രി ഗുരുവായൂരിലാണ് സംഭവം.

ചാവക്കാട് നിന്ന് ട്രാവലറിൽ ‘ലോക’ എന്ന സിനിമ കാണാനെത്തിയതായിരുന്നു കുടുംബം. ആദ്യം ദേവകി തിയേറ്ററിലെത്തിയെങ്കിലും ടിക്കറ്റ് കിട്ടാതെ വന്നതോടെ ഇവർ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് തിരിച്ചു. എന്നാല്‍ കുട്ടി വണ്ടിയില്‍ കയറിയില്ല.

ഒപ്പമുള്ളവരെ കാണാതായപ്പോള്‍ കുട്ടി തീയ്യറ്ററിന്റെ മുന്നില്‍ നിന്ന് കരയുകയായിരുന്നു.അത് തിയ്യറ്ററിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ്കൂടെ വന്നവർ മറ്റൊരു തിയേറ്ററിലേക്ക് പോയതാണെന്ന് കുട്ടി ജീവനക്കാരെ അറിയിച്ചു. ഉടൻ തന്നെ ജീവനക്കാർ അപ്പാസ് തിയേറ്ററിലേക്ക് വിളിച്ച് വിവരം അറിയിച്ചു.

അപ്പോഴേക്കും സിനിമയുടെ ഇടവേളയായിരുന്നു. സിനിമ നിർത്തിവെച്ച് കാണാതായ കുട്ടിയെക്കുറിച്ചുള്ള അറിയിപ്പ് തിയേറ്ററിൽ നൽകി. ട്രാവലറില്‍ സിനിമ കാണാന്‍ വന്നിട്ടുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും അതിലെ ഒരു കുട്ടി കൂട്ടം തെറ്റി മറ്റൊരു തിയ്യറ്ററിലുണ്ടെന്നുമായിരുന്നുമായിരുന്നു അനൗണ്‍സ്‌മെന്റ്.

അതോടെ ട്രാവലര്‍ സംഘം പുറത്തേയ്ക്ക് വന്ന് വണ്ടിയില്‍ ആദ്യത്തെ തിയ്യറ്ററിലേക്ക് ചെന്നു. അപ്പോഴേയ്ക്കും അവിടത്തെ ജീവനക്കാര്‍ കുട്ടിയെ പൊലീസില്‍ ഏല്പിച്ചിരുന്നു. സ്റ്റേഷനില്‍ നിന്ന് കുട്ടിയെ കൈമാറി.