
ഭുവനേശ്വർ : കാൽ തൊട്ട് വണങ്ങാതിരുന്നതിന് 31 വിദ്യാർത്ഥികളെ തല്ലിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള ഖണ്ഡദേവുല അപ്പർ പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രാർത്ഥനയ്ക്ക് ശേഷം തന്റെ കാൽ തൊട്ട് വണങ്ങാത്തതിനാണ് അധ്യാപികയായ സുകാന്തി കർ ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ മുളവടി കൊണ്ട് മർദ്ദിച്ചത്.
പരിക്കേറ്റ വിദ്യാർത്ഥികളെ ബെറ്റ്നോട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ രക്ഷിതാക്കൾ അധ്യാപികയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സ്കൂളിലെത്തി. ഹെഡ്മാസ്റ്റർ പൂർണചന്ദ്ര ഓജ വിവരം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെ (ബിഇഒ) അറിയിച്ചു. ബിഇഒ ബിപ്ലബ് കർ അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുത്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തത്.