
കൊച്ചി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചന് അന്ത്യയാത്ര നൽകാൻ രാഷ്ട്രീയ കേരളം ഒരുങ്ങുന്നു. ഇന്നലെ വൈകുന്നേരം 4.30-ന് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശേഷം 11 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. മറ്റ് സ്ഥലങ്ങളിലെ പൊതുദർശനം ഒഴിവാക്കിയത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ്.
നാളെ ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ വെച്ച് മൃതദേഹം സംസ്കരിക്കും. ആറു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ കെ.പി.സി.സി. പ്രസിഡന്റ്, യു.ഡി.എഫ്. കൺവീനർ, എ.കെ. ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രി, എറണാകുളം ഡി.സി.സി. പ്രസിഡന്റ്, പെരുമ്പാവൂർ നഗരസഭാധ്യക്ഷൻ തുടങ്ങിയ നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ നിന്ന് നാലു തവണ എം.എൽ.എയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.