
തിരുവനന്തപുരം:പേരൂർക്കടയിൽ വ്യാജ മോഷണക്കേസിൽ കുടുങ്ങിയ ബിന്ദുവിന് പുതിയ ജോലി നൽകി എംജിഎം പബ്ലിക് സ്‌കൂൾ. പ്യൂൺ തസ്തികയിലേക്കാണ് ജോലി വാഗ്ദാനം ചെയ്തത്. തിങ്കളാഴ്ച മുതൽ ജോലിക്ക് കയറുമെന്ന് ബിന്ദു അറിയിച്ചു.
മനുഷ്യത്വപരമായ നിലപാടാണ് എംജിഎം പബ്ലിക് സ്കൂൾ സ്വീകരിച്ചതെന്ന് ബിന്ദു പ്രതികരിച്ചു. സ്കൂൾ അധികൃതർ ബിന്ദുവിന്റെ വീട്ടിലെത്തി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.കഴിഞ്ഞ ഏപ്രിൽ 23നാണ് ബിന്ദുവിനെതിരെ വ്യാജ മോഷണക്കുറ്റം ചുമത്തിയത്.
പേരൂർക്കടയിലെ അംബലംമുക്ക് സ്വദേശി ഓമന ഡാനിയൽ വീട്ടിൽ നിന്ന് മാല മോഷണം പോയതായി കാണിച്ച് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന്, വീട്ടിലെ ജോലിക്കാരിയായ ബിന്ദുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഒരു രാത്രി മുഴുവൻ ചോദ്യം ചെയ്യുകയും ചെയ്തു.
പിറ്റേദിവസം 12 മണി വരെ വീട്ടുകാരെപ്പോലും അറിയിക്കാൻ അനുവദിക്കാതെ അനധികൃതമായി തടങ്കലിൽ വെച്ചതായും ആരോപണമുണ്ട്. ഈ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്ന് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.