
തിരുവനന്തപുരം : റേഷൻ കടയിൽ ജോലിക്ക് വരാൻ വിസമ്മതിച്ച യുവതിയെ ആക്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റൗഡി ലിറ്റിൽ ഉൾപ്പെട്ട ബൈജുവും കൂട്ടാളി ആദേഷ് എന്നിവരെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബൈജുവിന്റെ കിളിമാനൂരിലുള്ള റേഷൻ കടയിൽ ജോലിക്ക് വരാൻ യുവതി വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം.
കഴിഞ്ഞ ദിവസം രാത്രി ബൈജുവും ആദേഷും ചേർന്ന് യുവതിയുടെ വീട് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ആലങ്കോട് വഞ്ചിയൂർ ബസ് സ്റ്റോപ്പിൽവെച്ച് യുവതിയുടെ കയ്യിൽ കടന്നു പിടിച്ചു. യുവതിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ കണ്ടപ്പോൾ പ്രതികൾ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കീഴ്പ്പെടുത്തി. പിടിവലിക്കിടയിൽ പ്രതികൾ രണ്ട് പൊലീസുകാരേയും മർദ്ദിച്ചു പരിക്കേൽപ്പിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിൽ ചികിത്സ തേടി.