
കോഴിക്കോട്: കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കൂടത്തായി സ്വദേശി അബ്ദുൽ ജബ്ബാർ (45) ആണ് മരിച്ചത്. കൂടത്തായി മുടൂർ വളവിൽ വെച്ച് യുവാവിന്റെ സ്കൂട്ടറിന് മുന്നിലേക്ക് കാട്ടുപന്നി ചാടുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജബ്ബാറിനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ കാട്ടുപന്നിയ്ക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപന്നിയുടെ ജഡം നീക്കം ചെയ്യുകയായിരുന്നു.ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. നിരവധി തവണ അപകടം ഉണ്ടായിട്ടുണ്ട്. കാട്ടുപന്നിയുടെ ശല്യം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.