
തിരുവനന്തപുരം: കെഎസ്ഇബിയിൽ പ്രസരണ വിഭാഗത്തിന് കീഴിലുള്ള ലൈൻ മെയിന്റനൻസ് സെക്ഷനിലെ കരാർ ജീവനക്കാരുടെ ദിവസവേതനം വർധിപ്പിച്ച് ഉത്തരവിറക്കി. ഇതോടെ ഇലക്ട്രിസിറ്റി വർക്കർമാർക്ക് 850 രൂപയും ലൈൻമാൻമാർക്ക് 950 രൂപയും ദിവസവേതനം ലഭിക്കും. നേരത്തെ ഇത് യഥാക്രമം 675 രൂപയും 755 രൂപയുമായിരുന്നു.
വിതരണ വിഭാഗത്തിലെ ജീവനക്കാരുടേതിന് സമാനമായി പ്രസരണ വിഭാഗത്തിലെ ലൈൻമാൻമാർക്കും വൈദ്യുതി തൊഴിലാളികൾക്കും വേതനം വർധിപ്പിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ തകരാറുകൾ പരിഹരിക്കാൻ സ്ഥിരം ജീവനക്കാരെ സഹായിക്കുന്ന കരാർ തൊഴിലാളികൾക്ക് എത്ര മണിക്കൂർ അധികം ജോലി ചെയ്താലും എസ്റ്റിമേറ്റ് പ്രകാരമുള്ള ദിവസക്കൂലി മാത്രമാണ് ലഭിച്ചിരുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ് ബോർഡ് ഇപ്പോൾ വേതനം വർധിപ്പിക്കാൻ തീരുമാനിച്ചത്.