തിരുവനന്തപുരം: തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ നടക്കും. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സിനിമാതാരങ്ങളായ ബേസിൽ ജോസഫ്, ജയം രവി എന്നിവർ മുഖ്യാതിഥികളായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മ്യൂസിക് നൈറ്റും ഉണ്ടാകും.
സംഗീത, നൃത്ത, വാദ്യഘോഷങ്ങളോടെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. സമാപന ദിവസമായ സെപ്റ്റംബർ 9 ന് വൈകിട്ട് വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെ വർണാഭമായ ഘോഷയാത്ര നടക്കും. മാനവീയം വീഥിയിൽ വെച്ച് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.