കുട്ടനാട്: നീലംപേരൂർ കൃഷിഭവനിൽ പാടശേഖരസമിതിയുടെ യോഗം നടക്കുന്നതിനിടെ ഓഫീസിനുള്ളിലേക്ക് അണലി കയറി വന്നത് പരിഭ്രാന്തിക്ക് കാരണമായി. കോഴിച്ചാൽ വടക്ക് പാടശേഖരത്തിന്റെ യോഗം നടക്കുന്നതിനിടെ ഒരു കർഷകൻ ചെരിപ്പിലൂടെ എന്തോ ഇഴയുന്നത് ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ പരിഭ്രാന്തരായ കർഷകർ ഇറങ്ങിയോടി. ഓടാൻ സമയം കിട്ടാതിരുന്ന ഉദ്യോഗസ്ഥർ കടിയേൽക്കാതെ രക്ഷപ്പെടാൻ മേശപ്പുറത്ത് കയറിനിന്നു.
കഴിഞ്ഞ കുറച്ചു കാലമായി ഈ കൃഷിഭവൻ ഓഫീസിൽ പാമ്പുകളുടെ ശല്യം പതിവാണ്. അടുത്തിടെ ഓഫീസിനുള്ളിൽ കയറിയ ഒരു മൂർഖൻ പാമ്പുമായി ഒരു പൂച്ച ഏറ്റുമുട്ടിയിരുന്നു. അന്ന്, പാമ്പ് ചീറ്റുന്ന ശബ്ദം കേട്ട് ജീവനക്കാർ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. അവർ പാമ്പിനെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ അത് എവിടെയോ മറഞ്ഞു. ഈ സംഭവത്തിന് ശേഷം, കൃഷിഭവന്റെ പ്രവർത്തനം താൽക്കാലികമായി പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ മാസം കൊച്ചിയിൽ ഒരു അങ്കണവാടിയിൽ മൂന്ന് വയസ്സുകാരിയുടെ ദേഹത്തേക്ക് അണലി വീണിരുന്നു. കാക്കനാട് എൻജിഒ ക്വാട്ടേഴ്സിന് സമീപത്തുള്ള സ്മാർട്ട് അങ്കണവാടിയിലായിരുന്നു ഈ സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകാൻ പോയ കുട്ടിയുടെ ദേഹത്തേക്കാണ് കെട്ടിടത്തിന് മുകളിൽനിന്ന് പാമ്പ് വീണത്. ജീവനക്കാർ പാമ്പിനെ തട്ടിമാറ്റിയതിനാൽ കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടു.