Banner Ads

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ വേട്ട; രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തത് 6 എണ്ണം

കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ ഫോണാണ് ജയിലിനുള്ളിൽ നിന്ന് പിടിച്ചെടുക്കുന്നത്. ഒന്നാം ബ്ലോക്കിലെ തടവുകാരൻ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. സംഭവത്തിൽ കേസെടുത്ത കണ്ണൂർ ടൗൺ പോലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം ന്യൂ ബ്ലോക്കിലെ തടവുകാരൻ ദിനേശിൽ നിന്ന് മൊബൈൽ പിടികൂടിയിരുന്നു. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ജയിലിലേക്ക് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ച ഒരാൾ പിടിയിലായിരുന്നു.

ഓഗസ്റ്റ് 10ന് ജയില്‍ ഡി ഐ ജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയിരുന്നു. ഫോണിനൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തി. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകൾ കണ്ടെടുത്തത്. ന്യൂ ബ്ലോക്കിന് പുറകിലെ ടാങ്കിന് അടിയിലും 5, 6 ബ്ലോക്കുകളിൽ നിന്നുമാണ് മൊബൈൽഫോൺ കണ്ടെത്തിയത്.

രണ്ട് ചാർജറുകളും രണ്ട് ഇയർ ഫോണുകളും കൂടി പരിശോധനയിൽ കണ്ടെത്തി. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. നേരത്തെ ജയിലിലെ കല്ലിന് അടിയിൽ നിന്നുമടക്കം മൊബൈൽ കണ്ടെത്തിയിരുന്നു.