
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനം ലഭിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 രൂപ വർദ്ധിപ്പിച്ച് 1200 രൂപയായാണ് ഇത്തവണ ഓണസമ്മാനം നൽകുന്നത്. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഈ വിവരം അറിയിച്ചത്.
കഴിഞ്ഞ തവണ 1000 രൂപവീതമാണ് ലഭിച്ചത്. 5,25,991 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ സാമ്ബത്തിക വർഷം 100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5.19.623 പേർക്കാണ് ആനുകൂല്യം ലഭിക്കുക എന്നും ധനകാര്യ മന്ത്രി.
സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ള അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്ബത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികൾക്കാണ് ബ ലഭിക്കുന്നത്. ഇതിനായി 63.68 ലക്ഷം രൂപ അനുവദിച്ചു എന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.