
മലപ്പുറം: ആന്തിയൂർക്കുന്നിലെ ജനവാസമേഖലയിലുള്ള ക്വാറിയിൽ ആശുപത്രി മാലിന്യം ഉൾപ്പെടെ ടൺ കണക്കിന് മാലിന്യം തള്ളിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി പോലീസാണ് പുളിക്കൽ സ്വദേശിയായ ഹസിബുദ്ദീനെ (35) അറസ്റ്റ് ചെയ്തത്. ഇയാൾ കേസിലെ രണ്ടാം പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
വിവിധ സ്ഥലങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കാനുള്ള കരാർ ഏറ്റെടുത്തയാളിൽ നിന്ന് ഉപകരാർ എടുത്തയാളാണ് ഹസിബുദ്ദീൻ. സംഭവത്തിൽ പ്രധാന കരാറുകാരൻ, ക്വാറി ഉടമ, മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ എന്നിവരടക്കം നാല് പേർക്കെതിരെയാണ് കേസ്.
കഴിഞ്ഞ മൂന്നിന് പുലർച്ചെയാണ് ആന്തിയൂർക്കുന്നിലെ ക്വാറിയിൽ 10 ലോഡോളം മാലിന്യം ടോറസ് ലോറിയിൽ എത്തിച്ച് തള്ളിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും പുളിക്കൽ ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. തുടർന്ന്, പഞ്ചായത്ത് സെക്രട്ടറി മാലിന്യം കൊണ്ടുവന്ന പ്രധാന ഏജന്റിന് ഒരു ലക്ഷം രൂപയും സ്ഥലമുടമയ്ക്കും ലോറി ഉടമയ്ക്കും 50,000 രൂപ വീതവും പിഴ ചുമത്തുകയും മാലിന്യം നീക്കം ചെയ്യാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
ജനവാസ മേഖലയിൽ തള്ളിയ മാലിന്യം പൂർണ്ണമായി നീക്കം ചെയ്യാത്തതിനെ തുടർന്നാണ് പോലീസ് നടപടികൾ ഊർജ്ജിതമാക്കിയത്. പൊതു കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപമാണ് മാലിന്യം തള്ളിയത് എന്നതും ഗുരുതരമായ വിഷയമാണ്.