മുംബൈ∙ മഹേന്ദ്രസിങ് ധോണിയായി സുശാന്ത് സിങ് രജ്പുത്ത്, മിൽഖാ സിങ്ങായി ഫർഹാൻ അക്തർ, മേരി കോം ആയി പ്രിയങ്ക ചോപ്ര… ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വൻമതിൽ സാക്ഷാൽ രാഹുൽ ദ്രാവിഡിന്റെ ജീവിതം സിനിമയായാൽ താരത്തിന്റെ വേഷം ആരു ചെയ്യും? ഈ ചോദ്യം കഴിഞ്ഞ ദിവസം ഒരു ക്രിക്കറ്റ് അവാർഡ് ദാന ചടങ്ങിനിടെ അവതാരക ദ്രാവിഡിനു മുന്നിൽത്തന്നെ ഉയർത്തി. താരത്തിന്റെ ഉത്തരം പക്ഷേ, അവതാരകനെയും സദസിലുണ്ടായിരുന്നവരെയും ഒരുപോലെ ഞെട്ടിച്ചു.
‘രാഹുൽ ദ്രാവിഡിന്റെ ബയോപിക്കിൽ ദ്രാവിഡായി ആര് അഭിനയിക്കും’ എന്നതായിരുന്നു താരത്തിനു മുന്നിൽ ഉയർന്ന ചോദ്യം. സദസിലുള്ളവരെല്ലാം ദ്രാവിഡ് ആരെ നിർദ്ദേശിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കെ താരത്തിന്റെ ഉത്തരം ഇങ്ങനെ:.
‘‘അഭിനയിക്കുന്നതിന് മികച്ച പ്രതിഫലം നൽകുമെങ്കിൽ, ആ വേഷം ഞാൻ തന്നെ അഭിനയിക്കാം!’ – കയ്യടികളോടെയാണ് ദ്രാവിഡിന്റെ മറുപടി സദസ് സ്വീകരിച്ചത്.
ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി20 ലോകകപ്പിലെ കിരീടവിജയത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് (എൻസിഎ) മടങ്ങിയിരുന്നു. പുതിയ ഐപിഎൽ സീസണിൽ ദ്രാവിഡ്, മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ മെന്ററാകുമെന്ന അഭ്യൂഹം ശക്തമാണ്.