കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ ബസ്സുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിന് മുന്നോടിയായി നടൻ മോഹൻലാൽ പുതിയ വോൾവോ ബസ്സുകൾ പരിചയപ്പെടാൻ എത്തി. വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസി ബസിൽ കയറിയ മോഹൻലാൽ തന്റെ കോളേജ് കാലത്തെ യാത്രാ ഓർമ്മകൾ പങ്കുവെച്ചു.
‘മുൻപ് കെഎസ്ആർടിസിയിൽ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. അന്ന് ഇങ്ങനെയൊരു ബസ്സുകളൊന്നും ഉണ്ടായിരുന്നില്ല. ട്രാൻസ്‌പോർട്ട് ഗംഭീരമായി മാറുകയാണ്. കംഫർട്ടബിൾ ആയ ഒരു ട്രാൻസ്‌പോർട്ടിംഗ് സിസ്റ്റം കൊണ്ടുവരാൻ ഗണേഷ് കുമാറിന് സാധിച്ചു എന്നാണ് ഞാൻ കരുതുന്നത്. എൻ്റെ സ്നേഹിതനും കുടുംബ സുഹൃത്തും ആയതുകൊണ്ട് പറയുകയല്ല. അദ്ദേഹം കെഎസ്ആർടിസിക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്’, മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ വോൾവോ ബസ്സിൽ മോഹൻലാൽ യാത്ര ചെയ്യുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് ഒഴിവാക്കി. പുതിയ ബസ്സുകളുടെ ഫ്ലാഗ് ഓഫിന്റെ ഭാഗമായി ഓർമ്മ എക്സ്പ്രസ് എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രിയദർശൻ, മണിയൻപിള്ള രാജു എന്നിവരും മന്ത്രി ഗണേഷ് കുമാറിനൊപ്പം കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ്സിൽ യാത്ര ചെയ്ത് പഴയ കെഎസ്ആർടിസി യാത്രാ ഓർമ്മകൾ പങ്കുവെച്ചു.