Banner Ads

കിഴക്കെ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണിയമ്മ (88) ആണ് ദാരുണമായി മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

വനത്തിനകത്തെ ചോലയിലേക്ക് പോകുമ്പോൾ കല്യാണിയമ്മ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കഴിഞ്ഞ രാത്രി മുതൽ ഈ പ്രദേശത്ത് കാട്ടാനയുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം ഉദ്യോഗസ്ഥർ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും വനം ഉദ്യോഗസ്ഥരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വനാതിർത്തിയിൽ ഇപ്പോഴുമുള്ള ആനയെ തുരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു