തിരവനന്തപുരം:മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനംവകുപ്പ് പുതിയ നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ചു. ഇതിന്റെ ആദ്യഘട്ടമായി, കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാനുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് രൂപം നൽകി.
‘കൃഷി പുനരുജ്ജീവനവും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി ഓഗസ്റ്റ് 31-ന് കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജനവാസ മേഖലകളിലേക്ക് ഇറങ്ങിവന്ന് ഭീഷണി സൃഷ്ടിക്കുന്ന മുഴുവൻ കാട്ടുപന്നികളെയും ഈ പദ്ധതിയിലൂടെ ഉന്മൂലനം ചെയ്യും.
നാട്ടിലിറങ്ങുന്ന പന്നികളെ കൊല്ലുന്നതിന് ചീഫ് വൈൽഡ് വാർഡനുള്ള അധികാരം ഉപയോഗിച്ചാണ് ഈ പരിപാടി നടപ്പിലാക്കുക. യുവജന ക്ലബ്ബുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ഷൂട്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. കാട്ടുപന്നികൾ തങ്ങുന്ന കാടുപിടിച്ച സ്ഥലങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.