Banner Ads

കെഎസ്ആർടിസി ഇനി പുതുമുഖങ്ങളുമായി; 143 ബസുകൾ ഇന്ന് നിരത്തിലിറങ്ങും

പുതിയ കാലത്തിന് അനുസരിച്ചുള്ള അത്യാധുനിക ബസുകളുമായി കെഎസ്ആർടിസി നിരത്തിൽ എത്തുന്നു. എട്ട് വ്യത്യസ്ത ശ്രേണികളിലായി 143 ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടൊപ്പം കെഎസ്ആർടിസിയിലെ സമ്പൂർണ്ണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും നടക്കും.

മോഹൻലാൽ വോൾവോ ബസിൽ സഞ്ചരിച്ചുകൊണ്ട് ഈ പുതിയ മാറ്റങ്ങൾക്ക് പിന്തുണ നൽകും. സ്വകാര്യ ബസുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് പുതിയ ബസുകളിൽ ഒരുക്കിയിട്ടുള്ളത്. ബിഎസ് 6 നിലവാരത്തിലുള്ള ഈ ബസുകൾ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ലിങ്ക്, വോൾവോ എസി സീറ്റർ കം സ്ലീപ്പർ, എസി സ്ലീപ്പർ, എസി സീറ്റർ, മിനി ബസ് എന്നീ വിഭാഗങ്ങളിലാണ് ലഭ്യമാകുക.

ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് പുതിയ ലിങ്ക് സർവീസുകളും ആരംഭിക്കും. സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകളുടെ ബോഡിയിൽ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന കഥകളി ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. പുഷ്ബാക്ക് സംവിധാനമുള്ള ലെതർ സീറ്റുകളാണ് ഈ ബസുകളിലുള്ളത്. എല്ലാ ബസുകളിലും വൈഫൈ കണക്ഷൻ, ടിവി, അകത്തും പുറത്തും ക്യാമറകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഒമ്പത് മീറ്റർ നീളമുള്ളതാണ് മിനി ബസുകൾ.