Banner Ads

ബലാത്സംഗക്കേസ്: റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ല

കൊച്ചി:കൊച്ചി: ബലാത്സംഗക്കേസിൽ ആരോപണവിധേയനായ റാപ്പർ വേടന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. കൂടുതൽ രേഖകൾ ഹാജരാക്കാൻ തിങ്കളാഴ്ച വരെ സമയം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, ഇന്ന് കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് അടുത്ത തവണ പരിഗണിക്കുന്നത് വരെ വേടന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹത്തിൽനിന്ന് പിന്മാറിയെന്നാണ് വേടനെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണം. എന്നാൽ, വിവാഹ വാഗ്ദാനം നൽകി എന്നത് മാത്രം ഒരു ക്രിമിനൽ കുറ്റകൃത്യമായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. വേടനെതിരെ സമാനമായ മറ്റ് പരാതികളും ഉണ്ടെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഓരോ ആരോപണങ്ങളും പ്രത്യേകം പ്രത്യേകമായി മാത്രമേ പരിഗണിക്കാനാകൂ എന്നും ഒരു കേസിന്റെ സാഹചര്യം മറ്റൊരു കേസിൽ കൂട്ടിക്കുഴക്കരുതെന്നും കോടതി പരാതിക്കാരിയോട് വ്യക്തമാക്കി.

പോലീസിന് മുമ്പാകെ പരാതിക്കാരി നൽകിയ മൊഴി മാത്രമേ പരിഗണിക്കാനാകൂ എന്നും കോടതി പറഞ്ഞു. കേസിലെ നിർണായക തെളിവായ വാട്സാപ്പ് സന്ദേശങ്ങൾ പ്രോസിക്യൂഷൻ ഹാജരാക്കുന്നില്ലെന്നും, ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പോലീസിന്റെ മൂക്കിന് താഴെ വേടൻ പിറന്നാൾ ആഘോഷിച്ചെന്നും പരാതിക്കാരി വാദിച്ചു.