തിരുവനന്തപുരം: ആറ് വർഷത്തെ ഇടവേളക്ക് ശേഷം കെഎസ്ആർടിസിയുടെ പുതുപുത്തൻ ബസുകൾ നിരത്തിലേക്ക് എത്തുന്നു. കെഎസ്ആർടിസിയുടെ ഭാഗമായി എത്തുന്ന 143 പുതിയ ബസുകളുടെ ഉദ്ഘാടനം സെപ്റ്റംബർ 21-ന് വൈകുന്നേരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പുതിയ ബസുകളുടെ വരവോടനുബന്ധിച്ച് തലസ്ഥാനത്ത് ‘ട്രാൻസ്പോ 2025’ എന്ന പേരിൽ വാഹന പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ 22 മുതൽ 24 വരെ കനകക്കുന്നിലാണ് എക്സ്പോ നടക്കുക. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പ്രദർശനം ഉദ്ഘാടനം ചെയ്യും.പുതിയ ബസുകളുടെ സവിശേഷതകൾ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, ഓർഡിനറി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 143 ബസുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
ടാറ്റ, അശോക് ലെയ്ലാൻഡ്, ഐഷർ തുടങ്ങിയ പ്രമുഖ വാഹന നിർമാതാക്കളുടെ ബസുകളാണ് ഇവ. ഇതിനു പുറമെ, അന്തർസംസ്ഥാന സർവീസിനായി വോൾവോയുടെ ആഡംബര ബസുകളും ഉടൻ എത്തുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചു.ആഡംബരവും സൗകര്യങ്ങളുംദീർഘദൂര സീറ്റർ ബസുകളിൽ പുഷ്ബാക്ക് സംവിധാനമുള്ള ലെതർ സീറ്റുകളാണുള്ളത്. ഓരോ സീറ്റിനും ചാർജർ, ഹാൻഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുണ്ട്. ആംബിയന്റ് ലൈറ്റിങ്, ടിവി, സിസിടിവി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.സീറ്റർ കം സ്ലീപ്പർ ബസുകളും ആഡംബരത്തിൽ ഒട്ടും പിന്നിലല്ല.
2+1 ലേഔട്ടിലുള്ള ഈ ബസുകളിൽ വിശാലമായ ലെതർ സീറ്റുകളും മുകളിൽ ബെർത്തുകളുമുണ്ട്. ഒരു വശത്ത് സിംഗിൾ ബെർത്തും മറുഭാഗത്ത് ഡബിൾ ബെർത്തുകളുമാണ് നൽകിയിരിക്കുന്നത്. എസി വെന്റുകൾ, മൊബൈൽ ചാർജർ, മൊബൈൽ ഹോൾഡർ, ലഗേജ് റാക്ക്, ആംബിയന്റ് ലൈറ്റുകൾ, സിസിടിവി ക്യാമറ, ഫയർ അലാറം തുടങ്ങിയ സൗകര്യങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.
മികച്ച സൗകര്യങ്ങളുള്ള സ്ലീപ്പർ ബസുകളിൽ 2+1 ലേഔട്ടിൽ രണ്ട് തട്ടുകളായാണ് ബെർത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ബെർത്തിലും എസി വെന്റുകൾ, റീഡിങ് ലൈറ്റുകൾ, മൊബൈൽ ഹോൾഡർ, പ്ലഗ് പോയിന്റ്, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക്, കർട്ടണുകൾ എന്നിവ നൽകിയിട്ടുണ്ട്. ബെർത്തുകൾക്ക് വുഡൻ പാനലിങ്ങും നൽകിയിട്ടുണ്ട്.