തിരുവനന്തപുരം:സംസ്ഥാനത്തെ എ എ വൈ (മഞ്ഞ) കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ഈ മാസം 28 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 6 ലക്ഷത്തിലധികം വരുന്ന കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് കിറ്റ് ലഭിക്കുക. സെപ്തംബർ നാലോടെ കിറ്റ് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കൂടാതെ, ഓണം പ്രമാണിച്ച് റേഷൻ കാർഡ് ഉടമകൾക്ക് ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ 250-ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കിഴിവ് നൽകുമെന്നും മന്ത്രി പറഞ്ഞു. അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ് തുടങ്ങിയവ കുറഞ്ഞ വിലയിൽ ലഭ്യമാക്കും.
അടുത്ത മാസത്തെ സബ്സിഡി ഉത്പന്നങ്ങളുടെ വിതരണം ഈ മാസം 25 മുതൽ ആരംഭിക്കും. വെളിച്ചെണ്ണയുടെ വില ഈ മാസം 25-ഓടെ കുറയുമെന്നും മന്ത്രി അറിയിച്ചു.